പൊതുമേഖല പൊതുനന്മയ്‌ക്കെന്ന ലക്ഷ്യം എണ്ണക്കമ്പനികള്‍ അട്ടിമറിച്ചു. കിലോയ്‌ക്ക് 15 രൂപയെങ്കിലും മൂല്യം വരുന്ന അരി ജനങ്ങള്‍ക്ക് ഒരു രൂപയ്‌ക്കു നല്‍കുമ്പോള്‍ എണ്ണക്കമ്പനികളും കേന്ദ്രസര്‍ക്കാരും ചേര്‍ന്ന് പെട്രോളിന് ഈടാക്കുന്നത് യഥാര്‍ഥ വിലയുടെ ഇരട്ടി!
ഒരു ലിറ്റര്‍ പെട്രോളിന് പരമാവധി ഉല്‍പാദനച്ചെലവ് ലിറ്ററിനു 30 രൂപയാണ്. നികുതിയും വിലക്കസര്‍ത്തും കഴിഞ്ഞ് ഇതു ജനത്തിനു 'കനിഞ്ഞു' നല്‍കുന്നത് 70 രൂപയ്‌ക്ക്. സബ്‌സിഡിയിലൂടെ പൊതുജനത്തിന് പരമാവധി ആശ്വാസം നല്‍കുകയാണ് പൊതുമേഖലയുടെ ലക്ഷ്യം. ഐ.ഒ.സി, ബി.പി.സി.എല്‍, എച്ച്.പി.സി.എല്‍. എന്നീ പൊതുമേഖലാ എണ്ണക്കമ്പനികള്‍ പെട്രോളിന്റെ കാര്യത്തില്‍ സബ്‌സിഡി കുഴിച്ചുമൂടി കൊള്ളലാഭം കൊയ്യുന്നു. നടപ്പു സാമ്പത്തിക വര്‍ഷം പൊതുമേഖലാ എണ്ണക്കമ്പനികള്‍ പ്രവചിക്കുന്ന നഷ്‌ടം 1.22 ലക്ഷം കോടി രൂപയുടേതാണ്. 2010-11 ല്‍ ഐ.ഒ.സിയുടെ എല്ലാം കഴിഞ്ഞുള്ള ലാഭം 7445.48 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇത് 15,525.63 കോടിയായിരുന്നു. അറ്റാദായവുമായി താരതമ്യപ്പെടുത്തുമ്പോള്‍ (3,36,866 കോടി) ലാഭം കുറവാണെന്നും വാദിക്കാം. എന്നാല്‍ നഷ്‌ടക്കണക്ക് കൃത്രിമം. ഇക്കണക്കിന് നഷ്‌ടത്തിലോടുന്ന കെ.എസ്.ആര്‍.ടി.സിയും കെ.എസ്.ഇ.ബിയും ജനങ്ങളെ എത്രമാത്രം പിഴിയണം? കേരള സര്‍ക്കാര്‍ കടംകൊടുത്ത് അവയെ നിലനിര്‍ത്തുകയാണ്.
പെട്രോളിയം ഉല്‍പന്നങ്ങള്‍ വിറ്റ വകയില്‍ ഐ.ഒ.സിയുടെ ലാഭം 4,931.86 കോടിയാണ്. മുന്‍ വര്‍ഷം 7,456.23 കോടിയും. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍വരെ കമ്പനിക്ക് 3,700 കോടി നഷ്‌ടമുണ്ടായെന്നു കമ്പനി പറയുന്നു. ഡീസല്‍, എല്‍.പി.ജി, മണ്ണെണ്ണ എന്നിവയുടെ സബ്‌സിഡിയാണത്രേ കാരണം. ക്രൂഡോയില്‍ വില കുറഞ്ഞുനില്‍ക്കുമ്പോഴാണ് ഈ നഷ്‌ടക്കണക്ക്. ഏതായാലും പെട്രോള്‍ വില്‍പന നഷ്‌ടമാണെന്നു പറഞ്ഞിട്ടില്ല. എന്നിട്ടും പെട്രോള്‍ വില കുത്തനെകൂട്ടി. രൂപയുടെ മൂല്യശോഷണമാണു മറ്റൊരു ന്യായം. ഈ പ്രശ്‌നം പരിഹരിക്കേണ്ട കേന്ദ്രം ഇതിനു പകരം വില കൂട്ടി കമ്പനികളെ സഹായിക്കുകയായിരുന്നു.
അണ്ടര്‍ റിക്കവറി എന്ന സാങ്കേതിക പദം ഉപയോഗിച്ചു കമ്പനികള്‍ക്കു ഭീമമായ നഷ്‌ടമാണെന്ന് വരുത്തിത്തീര്‍ക്കുന്നു. അണ്ടര്‍ റിക്കവറി എന്ന പദം എണ്ണക്കമ്പനികളുടെ ബാലന്‍സ് ഷീറ്റിലില്ല. ഇതില്‍ ലാഭം മാത്രമാണു കാണിച്ചിട്ടുള്ളത്. അണ്ടര്‍ റിക്കവറിക്കു നഷ്‌ടം എന്ന പദവുമായി ബന്ധമില്ലെന്നര്‍ഥം. ഇന്ധനങ്ങള്‍ സബ്‌സിഡി കൂടാതെ കമ്പനികള്‍ ആഗ്രഹിക്കുന്ന വിലയ്‌ക്കു വിറ്റാല്‍ കിട്ടാവുന്ന ഒരു വരുമാനമുണ്ട്. ഇതില്‍നിന്ന് ഇപ്പോള്‍ കിട്ടുന്ന വരുമാനം കുറയ്‌ക്കുന്ന തുകയാണ് അണ്ടര്‍ റിക്കവറി. ഈ സാങ്കല്‍പിക വരുമാനത്തിന്റെ പേരിലാണു ജനത്തെ ദ്രോഹിക്കുന്നത്.
ക്രൂഡോയിലിന് ബാരല്‍ കണക്കിലാണു വില കൂടുകയോ കുറയുകയോ ചെയ്യുക. ഇതിനു ബദലായി പെട്രോളിനും ഡീസലിനും ലിറ്റര്‍ കണക്കില്‍ വിലകൂട്ടുന്നത് മറ്റൊരു തട്ടിപ്പാണ്. ഒരു വീപ്പയില്‍ 160 ലിറ്റര്‍ ക്രൂഡോയിലുണ്ടാകും. അതുകൊണ്ടു തന്നെ ഒരു വീപ്പ ക്രൂഡോയിലിന് നിസാര ഡോളര്‍ വില കൂടിയാല്‍ പെട്രോള്‍ ലിറ്ററിന് പൈസാ കണക്കില്‍ വര്‍ധിപ്പിച്ചാല്‍ മതിയാകും. ഇതിനുപകരം മൂന്നു രൂപയും അഞ്ചു രൂപയും കൂട്ടുന്നത് കരിഞ്ചന്ത തന്നെ. പൊതുമേഖലാ കമ്പനികള്‍ ഉപയോഗിക്കുന്ന അസംസ്‌കൃത എണ്ണയില്‍ നാലിലൊന്ന് ഇന്ത്യയില്‍ കുഴിച്ചെടുക്കുന്നതാണ്. ഇതിനും രാജ്യാന്തര വില കണക്കാക്കുന്നത് അന്യായമാണ്.
സ്വകാര്യ മേഖലയിലെ എണ്ണക്കമ്പനികള്‍ തടിച്ചുകൊഴുക്കുന്നു. നഷ്‌ടമാണെങ്കില്‍ റിലയന്‍സും എസാറും പണ്ടേ പൂട്ടിയേനെ. മുട്ടാന്യായങ്ങള്‍ പറഞ്ഞ് ഇന്ധനവില കൂട്ടാനുള്ള പൊതുമേഖലയുടെ മുറവിളി സ്വകാര്യ കമ്പനികള്‍ക്കു വേണ്ടിയാണെന്നു സംശയം ബലപ്പെടുകയാണ്.
മുഖ്യമായും നാട്ടില്‍ കുഴിച്ചെടുക്കുന്ന ക്രൂഡോയിലാണ് സ്വകാര്യ കമ്പനികള്‍ ഉപയോഗിക്കുന്നത്. അതുകൊണ്ട് രാജ്യാന്തര നിരക്കില്‍ പെട്രോളിയം ഉല്‍പന്നങ്ങള്‍ക്കു വിലകിട്ടിയാല്‍ ഇവര്‍ക്കു വന്‍ നേട്ടമാണ്. ഇതിനു വേണ്ടിയാണ് പൊതുമേഖലയിലെ ശിഖണ്ഡികളെ മുന്നില്‍ നിര്‍ത്തി ഇവര്‍ ജനങ്ങളോടു യുദ്ധം ചെയ്യുന്നത്.
Via: (google plus) Mangalam Daily
Subscribe to:
Posts (Atom)
Total Pageviews
8,125